Saturday, June 21, 2014

സന്തോഷ്‌ കോറമംഗലം....കഠിനം


കഠിനം
---------
പിഴുതെടുത്തൊരു 
നാവിനാല്‍ മധുരമായ്
ഇവിടെയുണ്ടെന്ന്
കൂവുന്നതെങ്ങനെ?
ചിറകരിഞ്ഞ്
പിടയ്ക്കുന്ന ജീവ-
നിന്നൊരു വെറും തൂവല്‍
നല്‍കുന്നതെങ്ങനെ?
കരളുവെന്തു
മരവിച്ച സാക്ഷ്യമായ്‌
അടയിരുന്ന
ചൂടേകുന്നതെങ്ങനെ?
ലളിത,മപ്പുറം
കഠിനമീ ജീവിതം
വരിയിലാറ്റി-
ക്കുറുക്കുവാന്‍ ദുഷ്കരം.
****
സന്തോഷ്‌ കോറമംഗലം

Monday, June 16, 2014

Aniyan Kunnathu ......എന്റെ ഒസ്യത്ത്


(പങ്കു വയ്ക്കുവാന് ഒന്നുമില്ലാത്തവന്റെ ഒസ്യത്തില് എഴുതി വയ്ക്കുന്ന നഷ്ടസ്വപ്നങ്ങള്) പറയാതെ നീയകന്ന വഴികളെ നോക്കിയെന് മിഴികളില് വിരിയുന്ന ചിത്രം അണക്കണെ, തൊടിയിലായ് നില്ക്കുന്ന തേന്മാവ് മുറിക്കണേ നാളമാം തണലില് ദേഹമെരിക്കുവാന്, എണ്ണതന് പാതിയും നടുവിലായ് തൂകണെ യെരിയുമെന് ഹൃദയത്തിന് മുറിവുകളുണക്കുവാന്! തൂലിക പെറ്റയെന്നാക്ഷര ചെപ്പുകള് യാത്രയാക്കുമ്പോള് കാല്ക്കലായ് വയ്ക്കണേ - യാത്രയില് ഒറ്റയ്ക്ക് വായിച്ചു തീര്ക്കുവാന് കുത്തിക്കുറിച്ചോരെന് തീരാത്ത സ്വപ്നങ്ങള്! വിങ്ങിക്കരയുന്ന മിത്രാതികള് തന് കണ്ണുനീര് ചിതയിലുടഞ്ഞെന്റെ നാളമണക്കല്ലെ! മൂടുക നിങ്ങളെന് ചിന്തയും ദേഹവും വേണ്ടെനിക്കിനിയൊരു പിന്ഗാമികൂടിയും, കാണുന്നു ഞാനെന്റെ ദേഹത്തിന്നരികിലായ് പുരികം ചുളിപ്പിച്ചു, പുച്ഛിച്ചു നില്ക്കുന്നോര്! കുടിയന്, മടിയന് കൂട്ടത്തില് താന്തോന്നി.... കണ്ടില്ല നിങ്ങളെന് ചോരുന്ന സ്നേഹത്തെ! തീരാത്ത മോഹത്തിന്‍ അസ്ഥിയും ചാരവും കോരിയെടുത്താ നദിയിലൊഴുക്കണെ, അലകളില് സിന്ദൂരം ഇഴകള് പാകുമ്പോള് കണങ്ങളായ് അലിയാതലിഞ്ഞു ഞാനിന്നു ! പടരണം എനിക്കിന്ന് കണികകളായ് നിന്മേനിയില് ജല സ്നാനത്തിനായ് നീ ഈ പുഴയിലിറങ്ങുമ്പോള്!! by _ Aniyan Kunnathu (റഫീഖ് അഹമ്മദിന്റെ "മരണമെത്തുന്ന നേരത്ത്" എന്നാ കവിതയില്‍ നിന്ന് പ്രചോദനം)

Rajeswari Tk....ഇനിയവസാന യാത്ര

ഇനിയവസാന യാത്ര
ദേഹത്തെ ഭൂമിക്കായി
ആത്മാവിനെ ആകാശത്തിനായി
അപ്പോഴുമാര്‍ക്കുംകൊടുക്കാതെടുത്തു 
വയ്ക്കുണമീ പ്രണയത്തെ
ഒരു മണ്കുടത്തിലൊരു
ചുമന്ന പട്ടില്‍പ്പൊതിഞ്ഞൊരു
പിടി ചാരമായെങ്കിലും.
-Rajeswari Tk 

Thursday, June 12, 2014

Rajeswari Tk...മരങ്ങളുടെ വേദന

ചിലയിടങ്ങളില്‍ മരങ്ങളിപ്പോഴുറങ്ങാറില്ലത്രേ
കാറ്റിനെചെറുത്തിലയനക്കങ്ങളൊതുക്കി
പേടിച്ചരണ്ടു രാത്രി കഴിക്കും
എപ്പോഴാണൊരു കൌമാരമേറ്റി
ഇരുകാലികളെത്തുകയൊരു
തുണിത്തുമ്പിലൊരു കുരുക്കിലൊരു
ജീവന്റെയവസാനപിടച്ചിലൊതുങ്ങുക
എന്നൊരു പേടിസ്വപ്നത്തില്‍.
പിന്നെ സ്വപ്നം സത്യമാകുമ്പോള്‍
പിളര്‍ന്ന തുടയിലൂടാണോ
മുറിവേറ്റ ചുണ്ടിലൂടാണോ
കടിച്ചു മുറിക്കപ്പെട്ട മുലക്കണ്ണിലൂടെയാണോ
ജീവന്റെ നിശ്വാസമൂര്‍ന്നു പോയതെന്നറിയാതെ
മരമപ്പോളാര്‍ത്തലച്ചു തലതല്ലി കരയും,
രാവെളുക്കുവോളം
പിന്നൊരിക്കലുമുറങ്ങാനാവാതെ
ഇരുകാലികളരിഞ്ഞു വീഴ്ത്തുംവരെ

 -Rajeswari Tk

Dileep Diganthanathan....എന്‍ മിഴിക്കോണില്‍ നിന്ന്

എന്‍ മിഴിക്കോണില്‍ നിന്നടരുമൊരു തുള്ളി നിന്‍
ഹൃദയത്തിന്‍ നോവായ്‌ പടരുമെങ്കില്‍
ഇനി മേലിലതുവെറും കണ്ണുനീര്‍ കണമല്ല,
കടലോളമാഴമെന്‍ പ്രണയം പ്രിയേ.....
ഇടറുമെന്‍ മൊഴിയിലെ ചിതറിയ വാക്കുകള്‍
സഖി നിന്‍റെ നെഞ്ചകം നീറ്റുമെങ്കില്‍
അത് വെറും വാക്കല്ല, കാലങ്ങളായി ഞാന്‍
കരളില്‍ കുറിച്ചിട്ട കവിതയല്ലോ..
അടരുന്ന തുള്ളിയും ഇടറുന്ന വാക്കും നാ-
മിരുവര്‍ക്കുമിടയിലെ ചിറ തകര്‍ക്കും
അറിയാതെ പോയതും പറയാന്‍ മടിച്ചതും
ഇനിയുള്ള കാലം നാം പങ്കുവയ്ക്കും...
Dileep Diganthanathan 

Sunday, June 1, 2014

rafeek ahammed.... മഴ കൊണ്ട് മാത്രം

മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്‍റെ
തിരികളുണ്ടാത്മാവിനുള്ളില്‍...
ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ
എരിയുന്ന പൂവിതള്‍ത്തുമ്പുമായി...
പറയാത്ത പ്രിയതരമാമൊരു വാക്കിന്‍റെ
മധുരം പടര്‍ന്നൊരു ചുണ്ടുമായി...
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
നിറ മൗനചഷകത്തിനിരുപുറം നാം ..
സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ
പിരിയുന്നു സാന്ധ്യവിഷാദമായി...
ഒരു സാഗരത്തിന്‍ മിടിപ്പുമായി...


Wednesday, May 28, 2014

കൈതപ്രം.....ആയുഷ്കാലം.....മൗനം സ്വരമായി


മൗനം സ്വരമായി എന്‍ പൊന്‍ വീണയില്‍
സ്വപ്നം മലരായി ഈ കൈ കുമ്പിളില്‍
ഉണരും സ്മ്രിതിയലയില്‍ ആരോ സ്വാന്തനമായി
മുരളികയൂതി ദൂരെ....
ആത്മാവിലെ പൂങ്കോടിയില്‍
വൈഡൂര്യമായി വീണു നീ
അനഘ നിലാവില്‍ മുടി കോതി നില്‍ക്കേ
വാര്‍മതിയായി നീ എന്നോമനെ....
ജന്മം സഫലം എന്‍ ശ്രീരെഖയില്‍...
സ്വപ്നം മലരായി ഈ കൈ കുമ്പിളില്‍
ഉണരും സ്മ്രിതിയലയില്‍ ആരോ സ്വാന്തനമായി
മുരളികയൂതി ദൂരെ.... ദാസേട്ടനും ചിത്ര ചേച്ചിയും കൂടി പാടിയ മനോഹരമായ ഒരു ഗാനം.
രചന- കൈതപ്രം 
സംഗീതം- ഔസേപ്പച്ചന്‍
ചിത്രം- ആയുഷ്കാലം
ആലാപനം- യേശുദാസ്  

Friday, May 9, 2014

Shahul Hameed......പെണ്ണേ നിനക്കേറെ ഇഷ്ട്ടമുള്ള

പെണ്ണേ ....
നിനക്കേറെ ഇഷ്ട്ടമുള്ള മൈലാഞ്ചി 
ചെടികളായിരിക്കണം 
എന്‍റെ ഖബറിന്‍റെ അതിരുകള്‍ കാക്കേണ്ടത്‌.. 
മരണത്തിലും നിന്‍റെ ഇഷ്ടത്തിന്‍റെ
വേരുകളായിരിക്കണം 
എന്‍റെ നെഞ്ചിലേക്ക് പടര്‍ന്നിറങ്ങേണ്ടത്..
shahul hameed
https://www.facebook.com/shahul.hameed.393/posts/817319174964478 

Thursday, April 24, 2014

മഴയെ തൂമഴയെ

ചിത്രം-പട്ടം പോലെ
രചന-സന്തോഷ്‌ വര്‍മ്മ
സംഗീതം-എം.ജയചന്ദ്രന്‍
ഗായകര്‍-ഹരിചരണ്, മൃദുല

മഴയെ തൂമഴയെ
വാനം തൂവുന്ന പൂങ്കുളിരെ
കണ്ടുവോ എന്റെ  കാതലിയെ
നിറയെ കണ്‍നിറയെ
പെയ്തിറങ്ങുന്നോ ഓര്‍മയിലേ
പീലി നീര്‍ത്തിയ കാതലിയെ

നീയറിഞ്ഞോ നീയറിഞ്ഞോ
നീ എന്റെതാണെന്നു നീയറിഞ്ഞോ
മഴക്കാലം എനിക്കായീ
മഴ ചേലുള്ള പെണ്ണേ നിന്നെ തന്നേ
മിഴി നോക്കി മനമാകെ
കതിരാടുന്ന സ്നേഹം ഞാനറിഞ്ഞേ
പറയാനും വയ്യ പിരിയാനും വയ്യ
പലനാളും ഉറങ്ങാന്‍ കഴിഞ്ഞില്ല

നീ വിരിഞ്ഞോ നീ വിരിഞ്ഞോ
ഞാനോര്‍ക്കാതെന്നുള്ളില്‍ നീ വിരിഞ്ഞോ
മലര്‍ മാസം അറിയാതെ
മലരായിരം എന്നില്‍ പൂത്തിരുന്നെ
മലര്‍ ചോരും കണിയായ്
ഞാന്‍ കണ്ടത് നിന്നെ ആയിരുന്നെ
കഥയാണോ അല്ല കനവാണോ അല്ല
ഒരു നാളും മറക്കാന്‍ കഴിഞ്ഞില്ല

Sunday, March 2, 2014

രേഖ മാതമംഗലം....തീണ്ടാരി

തീണ്ടാരി
---------
രാവിലെ എഴുന്നേറ്റ്‌ കുളിച്ചു
തണുപ്പിൽ ഉടലാകെ വിറച്ചു.

അഞ്ചുമണിക്കു തന്നെ
പത്രക്കാരനെത്തി,
ഇന്ന് ആഴ്ചപ്പതിപ്പുമുണ്ട്‌.

പതിവിൻ പടി പിന്നിൽ നിന്നും
മുന്നോട്ടു മറിച്ചു,
കവിത അച്ചടിച്ചു വന്നിട്ടുണ്ട്‌.
ബാലപംക്തിയിൽ തന്നെ.

സന്തോഷത്താൽ തുള്ളിച്ചാടാൻ തോന്നി
എന്നും എന്റെ കവിതയി-
തുപോലെയായിരുന്നെങ്കിൽ!
വയസ്സറിയിച്ചു പുറത്താകാതിരുന്നെങ്കിൽ!
****
രേഖ മാതമംഗലം
-------------------

Thursday, February 27, 2014

ആർഷ ചന്ദ്രൻ....രഹസ്യം

രഹസ്യം
---------
കവിതയിൽ ഞാനൊരുവനെ
ഉറക്കിക്കിടത്തിയിട്ടുണ്ട്‌
ഹൃദയത്തുമ്പു കൊണ്ട്‌ മെരുക്കി
അക്ഷരപ്പൂട്ടിട്ട്‌ കെട്ടിയിട്ടുണ്ട്‌
പ്രണയം കൊണ്ടവനെ അദൃശ്യനാക്കിയിട്ടുണ്ട്‌
നോട്ടത്തിന്റെ മുൾമുനയിൽ
ഞാനവനെ നഗ്നനാക്കിയിട്ടുണ്ട്‌
ഓരോ അണുവും പച്ചയ്ക്ക്‌-
തുറന്നെഴുതി വെച്ചിട്ടുണ്ട്‌
സ്നേഹം കൊണ്ട്‌ നിശ്ശബ്ദനാക്കി
നഖങ്ങളാൽ, സൂക്ഷ്മമായി കൊലചെയ്തിട്ടുണ്ട്‌.

ഈ താളുകളിൽ അവന്റെ-
ഒരു തുള്ളി രക്തം വീണുകിട്ടുമെങ്കിൽ
നിങ്ങൾക്കെന്നെ തുറുങ്കിലടയ്ക്കാം
അതിഗൂഡമായൊരു പ്രണയകഥ
പൊളിച്ചെഴുതാം.

****
ആർഷ ചന്ദ്രൻ
------------------
മാധ്യമം ആഴ്ചപ്പതിപ്പ്‌

Monday, February 17, 2014

ശ്രീനി രാധാകൃഷ്ണൻ......സ്മാരകം

സ്മാരകം
---------
സൂക്ഷിച്ച്‌ കടന്നു വരണം
ഇടനാഴിയിലെ ചിലന്തിവലകൾക്കിടയിൽ
കുറച്ചു പുളിയിലകൾ കുരുങ്ങിക്കിടക്കുന്നുണ്ട്‌.
പണ്ട്‌ ആരൊക്കെയോ സ്നേഹം വിളമ്പിയത്‌
അതിലാണു.

ആകെ നാലറകളാണുള്ളത്‌.
ഇടതു വശത്ത്‌ ആദ്യം കാണുന്നതിന്റെ
വാതിലിൽ മുഖം ചേർത്താൽ
അമ്മിഞ്ഞപ്പാലിന്റെ മണം കിട്ടും.
നിഷ്കളങ്കതയുടെ ചിറകുകളറ്റ ശേഷം
അവിടേക്ക്‌ കയറാൻ കഴിഞ്ഞിട്ടില്ല.

അടുത്തത്‌, തീണ്ടാരിപ്പുരയെന്നു പറഞ്ഞ്‌
ആളുകൾ മാറിപ്പോകുന്ന എന്റെ
സ്വപ്നമുറി.
വേദന തിന്നു തിന്നാവേദനക്കൊടുമുടിയുടെ
മുകളിലെത്തി മേഘങ്ങളെ തൊടുമ്പോൾ
കിട്ടുന്ന സുഖമുണ്ടല്ലൊ;
സുന്ദരാനന്ദസുഖസുഷുപ്തി.
അതിനായി ഞാൻ തപം ചെയ്യുന്നതിവിടെയാണു.

ദാ,ഈ അറയിലത്രയും മുഖം മൂടികളാണു
പ്രണയത്തിന്റെ,സദാചാരത്തിന്റെ
സഹതാപത്തിന്റെ,സൗഹൃദത്തിന്റെ
അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത
മുഖം മൂടികൾ.
എല്ലാം ഉടമകൾ ഉപേക്ഷിച്ചു പോയവ.

അവസാനത്തേത്‌
ശൂന്യതയുടെ അറയാണു.
ഈ സ്മാരകത്തിൽ കാഴ്ചക്കാരില്ലാതാവുമ്പോൾ
വേണം ആ വാതിൽ തുറക്കാൻ.
****
ശ്രീനി രാധാകൃഷ്ണൻ