Thursday, June 12, 2014

Rajeswari Tk...മരങ്ങളുടെ വേദന

ചിലയിടങ്ങളില്‍ മരങ്ങളിപ്പോഴുറങ്ങാറില്ലത്രേ
കാറ്റിനെചെറുത്തിലയനക്കങ്ങളൊതുക്കി
പേടിച്ചരണ്ടു രാത്രി കഴിക്കും
എപ്പോഴാണൊരു കൌമാരമേറ്റി
ഇരുകാലികളെത്തുകയൊരു
തുണിത്തുമ്പിലൊരു കുരുക്കിലൊരു
ജീവന്റെയവസാനപിടച്ചിലൊതുങ്ങുക
എന്നൊരു പേടിസ്വപ്നത്തില്‍.
പിന്നെ സ്വപ്നം സത്യമാകുമ്പോള്‍
പിളര്‍ന്ന തുടയിലൂടാണോ
മുറിവേറ്റ ചുണ്ടിലൂടാണോ
കടിച്ചു മുറിക്കപ്പെട്ട മുലക്കണ്ണിലൂടെയാണോ
ജീവന്റെ നിശ്വാസമൂര്‍ന്നു പോയതെന്നറിയാതെ
മരമപ്പോളാര്‍ത്തലച്ചു തലതല്ലി കരയും,
രാവെളുക്കുവോളം
പിന്നൊരിക്കലുമുറങ്ങാനാവാതെ
ഇരുകാലികളരിഞ്ഞു വീഴ്ത്തുംവരെ

 -Rajeswari Tk

No comments:

Post a Comment