Saturday, March 2, 2013

Rajeswari Tk.......ഡൈവോഴ്സ്


പരസ്പരം കടoകൊണ്ട നിമിഷങ്ങളെ
സ്നേഹചുംബനങ്ങളെ, പ്രണയ മൊഴികളെ,
പരിഭവങ്ങളെ, ഒന്നിനുമല്ലാത്ത കലഹങ്ങളെ
ഞങ്ങളൊരു ജോയന്റ്‌ ഡൈവോഴ്സ് പെറ്റിഷനിലൊതുക്കി
ഓര്‍ക്കാന്‍ വേണ്ടിയല്ല
ഒരിക്കലുമോര്‍മ്മിക്കാതിരിക്കാന്‍ വേണ്ടി
ഇനിയും പറയാന്‍ മറന്ന പായാരങ്ങളെ
ഉടയാത്തൊരു മൌനത്തിലൊതുക്കി
പെയ്യാന്‍ കാത്തിരുന്ന പ്രണയവികാരങ്ങളെ
പൊഴിയാന്‍മറന്ന മിഴിനീരിലൊതുക്കി
ഇനിയുമെഴുതാന്‍ മറന്ന സ്നേഹാക്ഷരങ്ങളെ
വെറുമൊരു കയ്യൊപ്പിലൊതുക്കി
മറക്കാന്‍ മടിക്കുന്ന ഓര്‍മ്മകളെ
ഒരു തപ്തനിശ്വാസത്തിലൊളിപ്പിച്ചു
നേരാന്‍ മറന്നൊരാശംസകളെ
പെറ്റിഷന്റെ ഫോട്ടോകോപ്പിയിലൊതുക്കി
കൈമാറാന്‍ മറന്ന അവസാന നോട്ടത്തെ
കുടുംബ കോടതിയുടെ കവാടത്തിലുപേക്ഷിച്ചു
എതിര്‍ ദിശയിലേക്ക് നടന്നകലുമ്പോഴും
എന്തിനാണൊന്നു തിരിഞ്ഞു നോക്കാന്‍ തോന്നുന്നത്‌?

No comments:

Post a Comment