Wednesday, March 6, 2013

Madhav K. Vasudevan.....വരവേല്ക്കാന്‍

ഒരു തുമ്പപ്പൂവിന്‍റെ തൂവെണ്മ പോലെന്‍റെ 
മിഴികളില്‍ പടരുന്ന സൗന്ദര്യമേ
ഒരു മുളംതണ്ടിന്‍റെ മണിനാദമയെന്‍റെ 
ചെവികളെത്തഴുകുന്ന സംഗീതമേ.

ഒരു കിളിപ്പാട്ടിന്‍റെ ശീലുപോലെന്നുടെ
ചൊടികളില്‍ വിടരുന്ന സ്വരഗീതമേ
ഒരു വെള്ളി ചിലങ്കതന്‍ നൂപുരധ്വനിയായി
എന്മുന്നിലൊഴുകുന്ന നടന ഗംഗേ.

ഒരു കാറ്റിലുതിരുന്ന തേന്മഴത്തുള്ളിയായി
ആഴിതന്‍ ഹൃദയം പുണര്‍ന്നിടുമ്പോള്‍
ഉണരുന്ന ഋതുഭേദ വര്‍ണ്ണ സ്വപ്നങ്ങളില്‍
ഭൂമിതന്‍ ഉള്ളം തളിര്‍ത്തിടുമ്പോള്‍..

വിടരുന്ന പുതുനാമ്പില്‍ ജനിത മോഹങ്ങള്‍
നിറകാവ്യ സുധയായി ഒഴുകിടുമ്പോള്‍
ഗതിമാറിയൊഴുകുന്ന പുഴപോലുമതുക്കണ്ടു
കാതോര്‍ത്തു മെല്ലെ പതഞ്ഞോഴുകും.

ചെറു കാറ്റിലിളകുന്ന മാമര ചില്ലകള്‍
കഥയോര്‍ത്തു മെല്ലെത്തരിച്ചു നില്കും
നിന്‍ ഗാനപല്ലവി കേട്ടു രസിക്കുന്ന
പുള്ളിക്കുയില്‍ മറുപാട്ടുപ്പാടും.

കുയിലിന്‍റെ പാട്ടിനു താളം പിടിക്കുവാന്‍
വണ്ണാത്തിക്കുരുവികള്‍ ഓടിയെത്തും
തിരുവാതിരപ്പാട്ടിന്‍ താളവുമായി മേലെ
ആതിര തിങ്കളും പൂത്തിറങ്ങും.

താവക വീഥിയില്‍ പൂത്തിരിക്കത്തിച്ചു
മിന്നാമിനുങ്ങുകള്‍ കാത്തു നില്‍ക്കും
നിന്നെ വരവേല്‍ക്കുവാന്‍ നിറദീപമേന്തി
പൊന്നോണ തുമ്പികള്‍ ഒരുങ്ങിനില്ക്കും.

എന്‍ സര്‍ഗ്ഗചേതന പിച്ചകവല്ലിയില്‍
ചിത്ര ശലഭമായി പാറി വരൂ.
-Madhav K. Vasudevan-

No comments:

Post a Comment