Thursday, March 21, 2013

Hari Mangannayil......ഇനിയുമുറങ്ങിയില്ലേ പ്രിയേ

ഇനിയുമുറങ്ങിയില്ലേ പ്രിയേ ഞാനെന്റെ
നിനവുകള്‌ കൊണ്ടൊരു കൂടൊരുക്കാം
നിറമാര്‌ന്ന സ്വപ്നദലങ്ങളാലോമനേ
നിരുപമ തല്‌പവും തീര്‌ത്തു വയ്ക്കാം
(ഇനിയുമു..

നിറതാരകങ്ങളാല്‌ വാനം വിതാനിച്ച
നിശയുടെ ഏകാന്തയാമങ്ങളില്‌
ഒഴുകും നിലാവെന്റെ കൈക്കുമ്പിളില്‌ ചേര്‌ത്തു
തഴുകിയുറക്കാമെന്നോമലേ ഞാന്‌
നിന്റെ തനുവൊരുവെന്നപോലെ
(ഇനിയുമു...

ശിശിരം പൊഴിഞ്ഞിട്ട നീഹാരബിന്ദുവില്‌
ശശിലേഖ ചന്ദനം ചേര്‌ത്ത രാവില്‌
അരികെയെന്‌ ചാരെ നീ വന്നിരുന്നെങ്കിലീ
അനുരാഗ കമ്പളം നല്‌കിയേനേ
നിന്റെ തളിര്‌മേനി മെല്ലെ ഞാന്‌ പുല്‌കിയേനേ
(ഇനിയുമുറങ്ങിയില്ലേ...


Hari Mangannayil
  

Saturday, March 9, 2013

ഡി.വിനയചന്ദ്രന്‍....ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്

ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാക്കും
ഒരു നിറം ചുവരില്‍ വരഞ്ഞു നീ അറിയാതെ
പകരുന്നതെങ്ങനെ ചിത്രമായി

ഇരുളില്‍ നിന്‍ സ്നേഹ സുഗന്ധം കലരാതെ
പുതുമകളെങ്ങനെ പുലരിയാകും
വെറുതെ വെറുതെ നീ ക്നാവില്‍ കുളിരാതെ
കതിരുകള്‍ എങ്ങനെ പവിഴമാകും

പ്രണയമേ നിന്‍ ചിലംബണിയാതെ എങ്ങനെ
കടലേഴു തിരകളാല്‍ കഥകളാടും
പ്രിയതമേ നിന്‍ സ്പര്‍ശമില്ലാതെയെങ്ങനെന്‍
വ്യധിധമാം ജീവനിന്നമൃതമാകും

ഹരിതമാമെന്റെ മനസ്സില്‍ നീ വാസന്ത
സുരഭിയാം തെന്നലായി വീശിടുമ്പോള്‍
സരളമാമോരുഗാനമാകുമീ ഭൂമിയാ
മരണവുമത് കേട്ട് നില്‍ക്കുമല്ലോ

ഹൃദയമേ നീ പുണര്‍ന്നീനിഴല്‍കുത്തിനെ
നിറജീവദീപമായ്  ദീപ്തമാക്കൂ

-ഡി.വിനയചന്ദ്രന്‍- 

വീരാന്‍ കുട്ടി.....വേരുകള്‍

ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപിടിക്കുന്നു
ഇലകള്‍ തമ്മില്‍ തോടും എന്ന് പേടിച്ചു നാം അകറ്റി നട്ട മരങ്ങള്‍
-വീരാന്‍ കുട്ടി- 

Asha Chandran.....വൈദേഹി പറയാന്‍ മറന്ന പ്രണയം

ഒരു പ്രണയമുണ്ടായിരു ന്നു
അതു ഞാന്‍ പഠിക്കാതെഴുതിയ
പരീക്ഷ പോലെഴുതി തോറ്റുപോയി

കുറച്ചോര്‍മ്മകളുണ്ടായിരുന്നു
അതകലേ കടലിലൊഴുക്കി കളഞ്ഞിട്ടും
വീണ്ടും മഴയായി വന്നെന്‍റെ മേല്‍ പെയ്യുന്നു.

പിന്നെയുള്ളതല്‍പ്പം വേദനയാണ്
അതണയാതെ കളയാതെ ഒരു കനലായി
നോവായി മനസ്സിലിപ്പോഴും കൊണ്ട് നടക്കുന്നു.


-Asha Chandran- 

Merlin Joseph......എല്ലാം നിശ്ചലം .

ലോകം മുഴുവന്‍ ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു ... എന്നെ ഒരു ശവപ്പെട്ടിക്കുള്ളില്‍ കിടത്തി മാലാഖമാര്‍ ചുമന്ന് ഒരു കുന്നിന്‍ മുകളിലേക്ക് കൊണ്ടുപോവുകയാണ്‌ അവന്‍ വഴി തെളിച്ചു മുന്നില്‍ തന്നെയുണ്ട്‌ ... മഴ കഴിഞ്ഞെത്തിയ തണുത്ത കാറ്റ് .... വാന്‍ഗോഗ് ചിത്രങ്ങളി ലെന്നപോലെ അത്ഭുതകരമായി അരണ്ട പ്രകാശം പരത്തുന്ന ഏതോ സ്രോതസ്സിന്‍റെ സാന്നിധ്യം എനിക്കനുഭവപ്പെടുന്നുണ്ട്... യാത്രക്കിടയില്‍ പെട്ടിക്കൊപ്പം ഞാനും പതിയെ കുലുങ്ങുന്നുണ്ട്... വല്ലാത്തൊരു സുഖം തോന്നി ... പെട്ടന്നൊരു കൊടുങ്കാറ്റു അടിച്ചപോലെ .. മാലാഖ ചിറകുകള്‍ താളം തെറ്റിയോ... എനിക്കെന്തോ കേള്‍ക്കാന്‍ കഴിയുന്നുണ്ട് .... ആരോ പിറു പിറുക്കുന്നു ... നാലഞ്ചു ദിവസമായി ഐ സി യു വിലാ ... ഇടയ്ക്കു ബോധം വന്നും പോയും ഇരിക്കുന്നു... ഇനി അധികം നേരമില്ലെന്നാ ഡോക്ടര്‍മാര്‍ പറയുന്നത് ..എനിക്കൊന്നും മനസിലായില്ല ... കുന്നിന്‍ മുകളിലെത്തി മാലാഖമാര്‍ പെട്ടി താഴെ ഇറക്കി വെച്ചു.. അവന്‍ അല്പം കൂടി മുന്നോട്ടു നീങ്ങി തിരിഞ്ഞു നില്‍ക്കുകയാണ്... ഒരു നര്‍ത്തകന്‍റെ വേഷം പോലെ .. ഞാന്‍ പെട്ടിയില്‍ നിന്നും എണീറ്റ്‌ .. എന്നെ തന്നെ ഒന്ന് നോക്കി ...മുട്ടിനു താഴെ വരെ ഇറക്കമുള്ള വെള്ളയുടുപ്പാണ് ഞാന്‍ ഇട്ടിരിക്കുന്നത് .. കുട്ടിക്കാലത്ത് അച്ഛന്‍ വാങ്ങിതരുനത് പോലെ താഴെ പോക്കറ്റ് ഉള്ളത്.. തലയില്‍ ഒരു ടവല്‍ കെട്ടിയിരിക്കുന്നു .. ഞാന്‍ അവന്‍റെ അടുത്തേക്ക് നീങ്ങി .. പിറകില്‍ നിന്നും കെട്ടിപ്പിടിച്ചു ... അവന്‍ തിരിഞ്ഞു ... മാലാഖമാരുടെ പാട്ടിനു ഞങള്‍ ഒന്ന് രണ്ടു ചുവടു വെച്ചു... പിന്നെ അവന്‍ എന്റെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.. ജീവിതത്തിലെ ആദ്യ ചുംബനം... അതിന്‍റെ ആനന്ദ ലഹരിയില്‍ എന്റെ ഹൃദയം പൊട്ടുന്നത് പോലെ തോന്നി....വായിലൂടെ അല്പം രക്തം ഒലിച്ചിറങ്ങിയോ ?തിരയാന്‍ തോന്നുന്നില്ല. ഈ ചുംബനം നിലക്കരുതേ എന്നൊരു ആഗ്രഹം മാത്രം ..അവന്‍ ചുണ്ടില്‍ പതിയെ കടിച്ചിരിക്കുന്നു ... ഞാന്‍ കണ്ണുകള്‍ നിര്‍വൃതി യിലെന്നപോലെ അടച്ചു... എല്ലാം നിശ്ചലം ..

Jyothi Rajeev.....തേടുകയാണ് നിന്നെ..

തേടുകയാണ് നിന്നെ..
രാവിന്റെ ഇരുണ്ട ഗര്‍ത്തങ്ങളിലല്ല
പുലരിയുടെ നനുത്ത കിരണങ്ങളില്‍.
കാത്തിരുപ്പാണ് 
ഗാഡമായ ആലിംഗനത്തിനായല്ല
ആര്‍ദ്രമായൊരു തലോടലിനായി ....
കൊതിക്കുകയാണ്
മായക്കാഴ്ച്ചകള്‍ക്കായല്ല
നേരിന്റെ നനവില്‍ നിനക്കൊപ്പം
നിന്റെ മാറില്‍ മയങ്ങാന്‍ ..
ഒരു നീര്‍കണമായി
നിന്റെ മിഴിയില്‍ പെയ്യാതെ നില്‍ക്കാന്‍
അങ്ങനെ അങ്ങനെ ഒടുവില്‍
നിന്നില്‍ ലയിച്ച് നീയായ്യി ഈ
പ്രപഞ്ചത്തിലലിയാന്‍


-Jyothi Rajeev-

Belsy Siby.....നമ്മുടെ വീട്

നമുക്കൊരു വീട് വേണം 
ഘടികാരങ്ങള്‍ ഇല്ലാത്തത്
മിഴികളില്‍ നോക്കിയിരിക്കവേ
നാഴിക മണികള്‍ മുഴങ്ങരുത്

ഒറ്റമുറി മതി
തമ്മിലെ പിണക്കത്തിന്റെ
മൌനത്തിനിടയില്‍
ഭിത്തിയുടെ നിഴല്‍ വീഴരുത്

നമ്മുടെ ചിന്തകള്‍ക്കിരിക്കാന്‍
ഒരു ചാരുകസേര മാത്രം
ഒരു പായ വേണം
പുസ്തകങ്ങള്‍ നിരത്തിയിടാന്‍

പാട്ടുപെട്ടികള്‍ക്കു പകരം
ഒരു കുയില്‍
നക്ഷത്രങ്ങളിലേക്കു
നോക്കാനൊരു ജാലകം

മുറ്റത്തൊരു തുളസിയും
മുടിയോതുക്കാന്‍ കാറ്റും
വഴിക്കണ്ണ്‍ നട്ടിരിക്കാന്‍
മൂന്നു പടികളും
 

-Belsy Siby-

Wednesday, March 6, 2013

Madhav K. Vasudevan.....വരവേല്ക്കാന്‍

ഒരു തുമ്പപ്പൂവിന്‍റെ തൂവെണ്മ പോലെന്‍റെ 
മിഴികളില്‍ പടരുന്ന സൗന്ദര്യമേ
ഒരു മുളംതണ്ടിന്‍റെ മണിനാദമയെന്‍റെ 
ചെവികളെത്തഴുകുന്ന സംഗീതമേ.

ഒരു കിളിപ്പാട്ടിന്‍റെ ശീലുപോലെന്നുടെ
ചൊടികളില്‍ വിടരുന്ന സ്വരഗീതമേ
ഒരു വെള്ളി ചിലങ്കതന്‍ നൂപുരധ്വനിയായി
എന്മുന്നിലൊഴുകുന്ന നടന ഗംഗേ.

ഒരു കാറ്റിലുതിരുന്ന തേന്മഴത്തുള്ളിയായി
ആഴിതന്‍ ഹൃദയം പുണര്‍ന്നിടുമ്പോള്‍
ഉണരുന്ന ഋതുഭേദ വര്‍ണ്ണ സ്വപ്നങ്ങളില്‍
ഭൂമിതന്‍ ഉള്ളം തളിര്‍ത്തിടുമ്പോള്‍..

വിടരുന്ന പുതുനാമ്പില്‍ ജനിത മോഹങ്ങള്‍
നിറകാവ്യ സുധയായി ഒഴുകിടുമ്പോള്‍
ഗതിമാറിയൊഴുകുന്ന പുഴപോലുമതുക്കണ്ടു
കാതോര്‍ത്തു മെല്ലെ പതഞ്ഞോഴുകും.

ചെറു കാറ്റിലിളകുന്ന മാമര ചില്ലകള്‍
കഥയോര്‍ത്തു മെല്ലെത്തരിച്ചു നില്കും
നിന്‍ ഗാനപല്ലവി കേട്ടു രസിക്കുന്ന
പുള്ളിക്കുയില്‍ മറുപാട്ടുപ്പാടും.

കുയിലിന്‍റെ പാട്ടിനു താളം പിടിക്കുവാന്‍
വണ്ണാത്തിക്കുരുവികള്‍ ഓടിയെത്തും
തിരുവാതിരപ്പാട്ടിന്‍ താളവുമായി മേലെ
ആതിര തിങ്കളും പൂത്തിറങ്ങും.

താവക വീഥിയില്‍ പൂത്തിരിക്കത്തിച്ചു
മിന്നാമിനുങ്ങുകള്‍ കാത്തു നില്‍ക്കും
നിന്നെ വരവേല്‍ക്കുവാന്‍ നിറദീപമേന്തി
പൊന്നോണ തുമ്പികള്‍ ഒരുങ്ങിനില്ക്കും.

എന്‍ സര്‍ഗ്ഗചേതന പിച്ചകവല്ലിയില്‍
ചിത്ര ശലഭമായി പാറി വരൂ.
-Madhav K. Vasudevan-

ഹരി.....പ്രണയം

മിഴികളെഴുതിയ വരികള്‍ തുളുമ്പും,
മധുര ഗാനമെന്‍ പ്രണയം.
മനസ്സിന്‍ കുളിര്‍ ഈണം നല്‍കി,
എന്‍ ഹൃദയം പാടുമൊരു ഗാനം;
പ്രണയമെന്ന ദേവ രാഗം.
 -ഹരി-

അതേ വാക്കുകള്‍ കൊണ്ട് തിരുത്തി വായിച്ചത്  

മിഴികളെഴുതിയ വരികള്‍ തുളുമ്പും,
മധുര ഗാനമെന്‍ പ്രണയം.
മനസിലെ കുളിര്‍ കോണ് കൊണ്ടൊരു
രാഗാമിട്ടൊരെന്‍ ഹൃദയം 
ദേവരാഗമിട്ടൊരെന്‍ ഹൃദയം 

Saturday, March 2, 2013

Rajeswari Tk.......ഡൈവോഴ്സ്


പരസ്പരം കടoകൊണ്ട നിമിഷങ്ങളെ
സ്നേഹചുംബനങ്ങളെ, പ്രണയ മൊഴികളെ,
പരിഭവങ്ങളെ, ഒന്നിനുമല്ലാത്ത കലഹങ്ങളെ
ഞങ്ങളൊരു ജോയന്റ്‌ ഡൈവോഴ്സ് പെറ്റിഷനിലൊതുക്കി
ഓര്‍ക്കാന്‍ വേണ്ടിയല്ല
ഒരിക്കലുമോര്‍മ്മിക്കാതിരിക്കാന്‍ വേണ്ടി
ഇനിയും പറയാന്‍ മറന്ന പായാരങ്ങളെ
ഉടയാത്തൊരു മൌനത്തിലൊതുക്കി
പെയ്യാന്‍ കാത്തിരുന്ന പ്രണയവികാരങ്ങളെ
പൊഴിയാന്‍മറന്ന മിഴിനീരിലൊതുക്കി
ഇനിയുമെഴുതാന്‍ മറന്ന സ്നേഹാക്ഷരങ്ങളെ
വെറുമൊരു കയ്യൊപ്പിലൊതുക്കി
മറക്കാന്‍ മടിക്കുന്ന ഓര്‍മ്മകളെ
ഒരു തപ്തനിശ്വാസത്തിലൊളിപ്പിച്ചു
നേരാന്‍ മറന്നൊരാശംസകളെ
പെറ്റിഷന്റെ ഫോട്ടോകോപ്പിയിലൊതുക്കി
കൈമാറാന്‍ മറന്ന അവസാന നോട്ടത്തെ
കുടുംബ കോടതിയുടെ കവാടത്തിലുപേക്ഷിച്ചു
എതിര്‍ ദിശയിലേക്ക് നടന്നകലുമ്പോഴും
എന്തിനാണൊന്നു തിരിഞ്ഞു നോക്കാന്‍ തോന്നുന്നത്‌?

Anil Kuriyathi.....മരണത്തിലേക്ക് അഞ്ചു വളവുകള്‍


അകാരണമായ
നിരാശ തോന്നാറുണ്ടോ ...
ഇനി നാല് വളവുകള്‍ കൂടി ....

ദേഷ്യം കൊണ്ട്
കണ്ണുകള്‍
ചുവന്നു തുടുക്കാരുണ്ടോ
ഇനി മൂന്നു വളവുകള്‍ കൂടി

ഹൃദയമിടിപ്പിന്റെ
താളം മുറുമ്പോള്‍
നെഞ്ചകത്തൊരു
ഭയം വിരുന്നിനെത്തുന്നുണ്ടോ ?
ഇനി രണ്ടു വളവുകള്‍ കൂടി ....

നിശ്വാസങ്ങളുടെ
നിര്‍വ്വചനങ്ങള്‍ തേടി
മനസ്സ് അസ്വസ്ഥതയുടെ
തടവറയില്‍ അഭയമിരക്കുന്നുവോ
ഇനി ഒരു വളവു കൂടി ...

ഒരു കുരുക്കില്‍
ഓര്‍മ്മകള്‍
മുറുകി പിടയുന്നുവോ ....
നിതാന്തമായൊരു മൌനം
നിന്നെ പൊതിയുന്നുവോ
തുറിച്ച കണ്ണുകളിലേക്കു
ഉറുമ്പുകളുടെ
ഒരു ഘോഷയാത്ര
കടന്നു വരുന്നുണ്ടോ .................
എങ്കില്‍ .....ഇവിടെ വളവുകള്‍ അവസാനിക്കുന്നു .....

അനിയന്‍ കുന്നത്ത്....ഞാന്‍ പുഴയായിരുന്നു


ഞാന്‍ ഒഴുകുന്നു എന്ന് നിങ്ങളും 
ഞാന്‍ നില്‍ക്കുന്നു എന്ന് ഞാനും

എന്റെ ശിഖരങ്ങള്‍ മുളപ്പിച്ച
നെല്പ്പാടങ്ങളില്‍ ദാഹത്തിന്റെ മുറിവുകള്‍

തീരമില്ലാത്ത ഞാന്‍ ഇന്ന് നിന്റെ
കരിങ്കല്‍ സുരക്ഷിത കെട്ടുകളില്‍
തല തല്ലി മടങ്ങുമ്പോഴും;

ഓര്‍ക്കണം, നീന്തി തുടിക്കുവാനാകാതെ ബാല്യങ്ങള്‍
നടന്ന്, കൈക്കുമ്പിളില്‍ കൊരിയെരിഞ്ഞ് കളിക്കുന്നത്,
എന്റെ ആഴങ്ങളായിരുന്നു എന്ന്!!

ഞാന്‍ ഒഴുകുന്നു എന്ന് നിങ്ങളും
ഞാന്‍ നില്‍ക്കുന്നു എന്ന് ഞാനും

എന്റെ ജീവിത തുടിപ്പും അവരുടെ
ജീവന്റെ തുടിപ്പും തന്ത്രത്തില്‍ തടവിലാക്കി
ചില്ല് കൂട്ടിലിട്ടു, നീ നിന്റെ ആഡംഭരങ്ങല് മെനഞ്ഞതും;

എന്റെ കണ്ണു നീരില്‍ വിഴുപ്പെറിഞ്ഞ്, വിഷത്താല്‍
കഴുകി കുപ്പികളിലടച്ച്, തെരിവിലൂടെ വിറ്റതും;

അന്നത്തിനു മുനമ്പ്‌ ശുചിക്കായും, അന്നത്തോടൊപ്പം
ആമാശയത്തിലും, പിന്നെ വലിച്ചൂറ്റി നീട്ടി തുപ്പിയതും,
എന്നിലേക്ക്‌ തന്നെ നീ വിസരചിച്ചതും!

കലിപൂണ്ട് കാര്‍മുകില്‍പ്പക്ഷികള്‍, എന്റെ
സമ രൂപവും, മെലിഞ്ഞില്ലതായ ദേഹവും
കണ്ട് വിധുമ്പാന്‌ മറന്ന്പോയ നാളുകള്‍!

ഓര്‍ത്തില്ല നീ, ഞാന്‍ എന്റെ ഉറവിടം തേടി
കരിഞ്ഞ പച്ചപ്പിലൂടെ മുകളിലേക്ക് യാത്രയാകുമെന്ന്

ആശിച്ചുപോയ്‌ തുള്ളിക്ക്‌ കുടം കണെക്ക് നീ
എന്നിലേക്ക്‌ പെയ്ത് എന്റെ കരളും കവിളും നിറച്ച്
ഞാനീ കൈവഴിയിലൂടെ വരണ്ടമ്മതന്‍
അധരത്തിലേക്ക് ഒഴികിയെത്താന്‍..

ഞാന്‍ നില്‌ക്കുന്നു, ഒഴുകാന്‍..... മോഹിച്ച്,
ഇവിടെ ഈ.... തീ......ര മില്ലാ....... തെ.

(അനിയന്‍ കുന്നത്ത്)

Rajeswari Tk ......ദാമ്പത്യം

എന്റെ നിശ്വാസങ്ങളില്‍
നിന്റെ കുറുനിരകളിളകിയാടിയപ്പോള്‍
എന്റെ ഹൃദയതാളം നിന്റെ
ചെവിയില്‍ സoഗീതമായപ്പോള്‍
എന്റെ സ്നേഹമൊരു പെരുമഴയായി
നിന്നെ നനയിച്ചപ്പോള്‍
എന്റെ യവ്വുനം ഒരു സ്വേദകണമായി
നിന്നിലലിഞ്ഞപ്പോള്‍
നാമെത്ര അടുത്തായിരുന്നു
ഞാന്‍ നിന്നില് തന്നെയായിരുന്നു
സുതാര്യമായ ഈ പ്രപഞ്ചo
നമ്മിലൊതുങ്ങി പോയിരുന്നു
എന്നിട്ടും
പെയ്തൊഴിഞ്ഞ വര്‍ഷക്കാലങ്ങള്‍ക്കും
ഉരുകിയൊലിച്ച വേനല്‍ക്കാലങ്ങള്‍ക്കുമിപ്പുറം
നമുക്കിടയിലിപ്പൊഴെത്ര ദൂരം
ഒരാമ്പല്‍ പൂവിന്റെയും
പൂര്‍ണ്ണചന്ദ്രന്റേയും ഇടയിലുള്ളത്ര അകലം


Rajeswari Tk