Thursday, February 27, 2014

ആർഷ ചന്ദ്രൻ....രഹസ്യം

രഹസ്യം
---------
കവിതയിൽ ഞാനൊരുവനെ
ഉറക്കിക്കിടത്തിയിട്ടുണ്ട്‌
ഹൃദയത്തുമ്പു കൊണ്ട്‌ മെരുക്കി
അക്ഷരപ്പൂട്ടിട്ട്‌ കെട്ടിയിട്ടുണ്ട്‌
പ്രണയം കൊണ്ടവനെ അദൃശ്യനാക്കിയിട്ടുണ്ട്‌
നോട്ടത്തിന്റെ മുൾമുനയിൽ
ഞാനവനെ നഗ്നനാക്കിയിട്ടുണ്ട്‌
ഓരോ അണുവും പച്ചയ്ക്ക്‌-
തുറന്നെഴുതി വെച്ചിട്ടുണ്ട്‌
സ്നേഹം കൊണ്ട്‌ നിശ്ശബ്ദനാക്കി
നഖങ്ങളാൽ, സൂക്ഷ്മമായി കൊലചെയ്തിട്ടുണ്ട്‌.

ഈ താളുകളിൽ അവന്റെ-
ഒരു തുള്ളി രക്തം വീണുകിട്ടുമെങ്കിൽ
നിങ്ങൾക്കെന്നെ തുറുങ്കിലടയ്ക്കാം
അതിഗൂഡമായൊരു പ്രണയകഥ
പൊളിച്ചെഴുതാം.

****
ആർഷ ചന്ദ്രൻ
------------------
മാധ്യമം ആഴ്ചപ്പതിപ്പ്‌

Monday, February 17, 2014

ശ്രീനി രാധാകൃഷ്ണൻ......സ്മാരകം

സ്മാരകം
---------
സൂക്ഷിച്ച്‌ കടന്നു വരണം
ഇടനാഴിയിലെ ചിലന്തിവലകൾക്കിടയിൽ
കുറച്ചു പുളിയിലകൾ കുരുങ്ങിക്കിടക്കുന്നുണ്ട്‌.
പണ്ട്‌ ആരൊക്കെയോ സ്നേഹം വിളമ്പിയത്‌
അതിലാണു.

ആകെ നാലറകളാണുള്ളത്‌.
ഇടതു വശത്ത്‌ ആദ്യം കാണുന്നതിന്റെ
വാതിലിൽ മുഖം ചേർത്താൽ
അമ്മിഞ്ഞപ്പാലിന്റെ മണം കിട്ടും.
നിഷ്കളങ്കതയുടെ ചിറകുകളറ്റ ശേഷം
അവിടേക്ക്‌ കയറാൻ കഴിഞ്ഞിട്ടില്ല.

അടുത്തത്‌, തീണ്ടാരിപ്പുരയെന്നു പറഞ്ഞ്‌
ആളുകൾ മാറിപ്പോകുന്ന എന്റെ
സ്വപ്നമുറി.
വേദന തിന്നു തിന്നാവേദനക്കൊടുമുടിയുടെ
മുകളിലെത്തി മേഘങ്ങളെ തൊടുമ്പോൾ
കിട്ടുന്ന സുഖമുണ്ടല്ലൊ;
സുന്ദരാനന്ദസുഖസുഷുപ്തി.
അതിനായി ഞാൻ തപം ചെയ്യുന്നതിവിടെയാണു.

ദാ,ഈ അറയിലത്രയും മുഖം മൂടികളാണു
പ്രണയത്തിന്റെ,സദാചാരത്തിന്റെ
സഹതാപത്തിന്റെ,സൗഹൃദത്തിന്റെ
അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത
മുഖം മൂടികൾ.
എല്ലാം ഉടമകൾ ഉപേക്ഷിച്ചു പോയവ.

അവസാനത്തേത്‌
ശൂന്യതയുടെ അറയാണു.
ഈ സ്മാരകത്തിൽ കാഴ്ചക്കാരില്ലാതാവുമ്പോൾ
വേണം ആ വാതിൽ തുറക്കാൻ.
****
ശ്രീനി രാധാകൃഷ്ണൻ